SEARCH


Pottan Theyyam (പൊട്ടൻ തെയ്യം) Fire Theyyam

Pottan Theyyam (പൊട്ടൻ തെയ്യം) Fire Theyyam
തെയ്യം ഐതീഹ്യം/THEYYAM LEGEND


ആത്മബോധത്തിന്റെ അന്ത:സത്ത വ്യക്തമാക്കുന്നതാണ് പൊട്ടന്‍ തെയ്യത്തിന്റെ ഇതിവൃത്തം. പ്രാപഞ്ചികതത്ത്വങ്ങള്‍ വാരിവിതറിയ പുലയനുമുമ്പില്‍ നമിച്ചുനില്‍ക്കേണ്ടിവന്ന അദ്വൈതശില്പിയായ സ്വാമി ശങ്കരാചാര്യര്‍. പുലയര്‍ തൊട്ട് ബ്രാഹ്മണര്‍ വരെയുള്ളവര്‍ ആരാദിച്ചുവരുന്ന ദൈവമാണിത്. ദൃഡമായ ശൈവപുരാവൃത്തത്താല്‍‌ നിര്‍‌മ്മിതം.എട്ടുകോട്ടകളിലും എഴുപത്തിരണ്ടു പുലയടിയാന്‍മാരുടെ സ്ഥാനങ്ങളിലും പൊട്ടന്‍തെയ്യത്തിന്റെ സന്നിദ്ധ്യം കണ്ടെന്നു പറയപ്പെടുന്നു. പുലയര്‍‍ക്കെന്നപോലെ മലയര്‍‍ക്കും ഈ തെയ്യം കുടുംബദേവതയാണ്. എങ്കിലും പൊട്ടന്‍ തെയ്യം ചിറവന്‍, പാണന്‍ തുടങ്ങിയ സമുദായക്കാരും കെട്ടാറുണ്ട്. വീട്ടുവളപ്പില്‍ കന്നിരാശിയില്‍‍ അറപണിത്, പൊട്ടന്‍തെയ്യത്തെ കുടിയിരുത്തി, അവിടെ കോലം കെട്ടിയാടിവരുന്ന പതിവും ഉണ്ട്. കൂടാതെ പൊതുസ്ഥലങ്ങളിലും വയലുകളിലും താല്‍കാലിക പള്ളിയറ (ഓലകൊണ്ട്‍) ഉണ്ടാക്കി പൊട്ടന്‍‍തെയ്യത്തെ സങ്കല്പം ചെയ്‍ത് ആടിച്ചുവരുന്നുണ്ട്.
ബ്രാഹ്മണമേധാവിത്വത്തിനെതിരെ ശബ്ദമുയര്‍ത്തിയ അടിമയാണ്` അലങ്കാരന്‍. കാണരുതാത്തത് കാണുകയും കേള്ക്ക്രുതാത്തത് കേള്‍ക്കുകയും ചെയ്തകുറ്റത്തിന് അലങ്കാരന്റെ കണ്ണുകള്‍ ചൂഴ്ന്നെടുക്കപ്പെടുകയും ചെവി മുറിച്ച്നീക്കപ്പെടുകയും ചെയ്തു. അറിവ് നേടിയതിനും കണ്ടതും കേട്ടതുമായ സത്യങ്ങള്‍ ഉറക്കെ വിളിച്ചു പറഞ്ഞതിനും വരേണ്യ വര്‍ഗ്ഗം അലങ്കാരനു സമ്മാനിച്ച പരിഹാസനാമമാണ് ‘പൊട്ടന്‍‘. ത്രികാലജ്ജ്നാനിയായ പൊട്ടന്റെ മന്ത്രസിദ്ധികള്‍ അവനെ മാനായും നരിയായും രുപാന്തരം ചെയ്യിച്ചു. അലങ്കാരന്റെ സഹായിച്ച സുഹൃത്ത് കണാദന്‍ ആണും പെണ്ണും കെട്ടവനായി ജീവിക്കണം എന്നാണ് വരേണ്യ വര്ഗ്ഗം കല്പിച്ചത്. അലങ്കാരന്റെ സഹായിയും സഹചാരിയുമായ ഭാര്യ സുന്ദരിയും അടിസ്ഥാന വര്‍ഗ്ഗത്തെ ഉത്ബോധനം ചെയ്യാന്‍ പ്രവര്‍ത്തിക്കുന്നു. ‘ഞാളു കൊയ്യണ പുത്തരിയാണേങ്ങടെ മനയ്ക്കലെ ചോറൂണ്`ഞാളെ ചാളേല്‍ കദളിയാണേങ്ങടെ ദൈവത്തിന്‍ നൈവേദ്യം’ ഈ തിരിച്ചറിവ് ഓരോ അടിമയ്ക്കുമുണ്ടാവുന്നതും അവിടെ വച്ച് തൊഴിലാളികള്‍ സംഘടിതരാവാന്‍ ശ്രമിക്കുകയുമാണ്` ചെയ്യുന്നത്. തൊഴിലാളികളുടെ ഈ കൂട്ടായ്മയില്‍ കുപിതരായ തമ്പ്രാക്കന്മാര്‍ അലങ്കാരനെ ഇല്ലാതാക്കാനുള്ള തന്ത്രങ്ങള്‍ മെനയുന്നു. ആര്‍ത്തലച്ച് വെള്ളപ്പൊക്കം പോലെ വരുന്ന ശത്രുക്കളെ നേരിടാന്‍ കഴിവില്ലാത്തതിനാല്‍ തത്കാലം ഒഴിഞ്ഞുനില്‍ക്കുന്നതാണ് നല്ലതെന്ന് ഉപദേശിക്കുന്നത് ഭാര്യയായ സുന്ദരിയാണ്. അടിയാളന്റെ മാംഗല്യത്തീന് മണിയറയുടെ അവകാശം വാഴുന്നോര്‍ക്ക് എന്ന പ്രാചീനവും കിരാതവുമായ ആചാരത്തെയാണ് അലങ്കാരനും കൂട്ടരും എതിര്‍ക്കുന്നത് .മംഗലം നടക്കുന്നത് വാഴുന്നോര്‍ക്ക് ചിരുതയിലുണ്ടായ അടിയാളര്‍ പെണ്ണിന്റേതാണെങ്കിലും “ഞാന്‍ നട്ട വാഴവിത്തിന്റെ കുലവെട്ടാനും അവകാശം തനിക്ക് തന്നെയാണ്` എന്ന് വാഴുന്നോര്‍ ശഠിക്കുന്നു. അലങ്കാരനോടുള്ള പ്രതികാരം തീര്‍ക്കാന്‍ ബ്രാഹ്മണര്‍ ഊഴം വെച്ച് വധുവിനെ പ്രാപിക്കുന്നതോടെ സുന്ദരി പ്രതികാര ദുര്‍ഗ്ഗയായി മാറുന്നുണ്ടെങ്കിലും വാഴുന്നോര്‍ക്ക് മരണം സമ്മാനിക്കുന്നത് കണാദനാണ്. അച്ഛന്റെ മരണത്തിനുത്തരവാദികളായ സുന്ദരിയേയും കണാദനെയും മകന്‍ തിരുമേനി മുതലക്കുളത്തിലേക്ക് വലിച്ചെറിയുന്നു. അലങ്കാരന്‍ അവിടെ പ്രത്യക്ഷപ്പെട്ട് സുന്ദരിയേയും കണാദനേയും രക്ഷപ്പെടുത്തുന്നു.
അവിടെവച്ച് ആര്യാംബ അന്തര്‍ജ്ജനത്തിന്റെ (ശ്രീശങ്കരന്റെ അമ്മ) മോനേ എന്ന വിളി അലങ്കാരന്റെ ചെവിയിലെത്തുന്നു.ബ്രാഹ്മണകുലത്തിലെ ആണ്കോയ്മയെ തൃണവല്ഗെണിച്ച് അമ്മയ്ക്ക് സ്ഥാനം കൊടുക്കുകയും അമ്മയ്ക്കായ് ക്ഷേത്രസമുച്ചയം നിര്‍മ്മിയ്ക്കാനൊരുങ്ങുകയും ചെയ്ത ശങ്കരാചാര്യരുടെ പ്രവര്‍ത്തിയില്‍ പ്രതിഷേധിച്ച് ആ കുടുംബത്തിന് ബ്രാഹ്മണകുലം ഭ്രഷ്ട് കല്പിച്ചിരുന്നു. അമ്മയുടെ ജഡം മറവുചെയ്യുന്നതിനും കൂടി സ്വജനങ്ങള്‍ സഹായിക്കാതിരുന്നപ്പോള്‍ അമ്മയെ ചിതയൊരുക്കി ദഹിപ്പിച്ചത് അലങ്കാരനാണ്.
ശങ്കരന്‍ ജ്ജ്നാനപീഠത്തിലേക്കുള്ള യാത്രാമദ്ധ്യേ അലങ്കാരനേയും കുടുംബത്തേയും കാണുകയുണ്ടായി. വഴിമാറി നടക്കാന്‍ ആവശ്യപ്പെട്ട ശങ്കരനോട്
‘ഇങ്ങെല്ലാം കാടല്ലോ, ഇങ്ങെല്ലാം മുള്ള്
എങ്ങനടിയന്‍ വഴിപിരിയേണ്ടൂ
ഒക്കത്ത് കുഞ്ഞീം തലയില്‍ കള്ളും
എങ്ങനടിയന്‍ വഴിപിരിയേണ്ടൂ‘ എന്ന് ചോദിക്കുന്നു.
ഈ തര്‍ക്കുത്തരത്തില്‍ കോപിതനായി ശങ്കരന്‍
“നിഭൃതന്മാരാം നിങ്ങള്
എത്രയും കുറഞ്ഞ ജാതിയിലേക്ക്
നീ തിരികെ പോ ചണ്ഡാളാ വേഗം” കയര്‍ക്കുന്നു

“നാങ്കളെ കൊത്ത്യാലും ഒന്നല്ലോ ചോര
നീങ്കളെ കൊത്ത്യാലും ഒന്നല്ലോ ചോര
അവിടേക്ക് നാങ്കളും നീങ്കളുമൊക്കും
പിന്നെന്തിനീ ചൊവ്വരേ പിശകുന്നു“ അലങ്കാരന്റൈ ഈ മറുപടി
ശങ്കരന്റെ ഉള്‍ക്കണ്ണ് തുറപ്പിക്കുന്നു.
ഈ ചണ്ഡാളനെ ഗുരുവായി സ്വീകരിച്ച ശങ്കരന്‍ “മനീഷപഞ്ചകം” എഴുതിയത് ഈ വാഗ്വാദം മൂലമുണ്ടായ ദര്‍ശനത്തില്‍ നിന്നാണത്രേ. പൊട്ടന്‍ കൈലാസനാഥന്റെ അവതാരമാണെന്നും പറയപ്പെടുന്നു.ശങ്കരാചാര്യർക്കു അദ്വൈതതത്വം പകർന്നു കൊടുക്കാൻ ശ്രീ പരമേശ്വരൻ കൈകൊണ്ട ചണ്ഡാലവേഷം
തച്ചുടയ്ക്കപ്പെട്ടെന്ന് നാം വിശ്വസിക്കുന്നുണ്ടെങ്കിലും ജാതീയത അതിന്റെ മൂര്‍ത്ത ഭാവത്തില്‍ തന്നെ സമൂഹത്തില്‍ നടമാടുന്നുണ്ട്. അര്‍ത്ഥവും അധികാരവും അലങ്കാരമാക്കിയവരുടെ ചിന്താഗതികള്‍ക്കനുസൃതമാണ് ലോകത്തിന്റെ നീതിയും നിയമവും. സ്വന്തം ചോരയില്‍ പിറന്ന മകളെ ബലാല്ക്കാരം ചെയ്യാനുറയ്ക്കുന്ന ബ്രാഹ്മണ്യ്യം തന്നെയാണ് നാടിന്റെ ശാപം. ഭാര്യയെ അമ്മേയെന്ന് സകല ബഹുമാനങ്ങളോടുകൂടി വിളിക്കുന്ന തീപ്പൊട്ടന്മാര്‍ പരിഷ്കൃത സമൂഹത്തിനും പൊട്ടന്മാര്‍ തന്നെയാണ്. അവരോ എണ്ണത്തില് വളരെ കുറവും. സത്യത്തിന്റെയും ധര്‍മ്മത്തിന്റെയും ചോദനകള്‍ ഉള്‍ക്കൊള്ളാന്‍ തീപ്പൊട്ടന്‍ കൊളുത്തിയ നൈതികതയുടെ ഇത്തിരിവെട്ടം നമുക്ക ഹൃത്തടത്തില്‍ സൂക്ഷിച്ച് വെക്കാം. കാലത്തിനപ്പുറത്ത് നിന്ന് വിറയാര്‍ന്ന ആ ശബ്ദം നമ്മളോട് പറയും
Courtesy : Rajeesh Nambiar
പൊട്ടൻ തെയ്യം:
ശ്രീ പരമേശ്വരന്‍ ചണ്ഡാല വേഷധാരിയായി ശ്രീ ശങ്കരാചാര്യരെ പരീക്ഷിച്ച പുരാവൃത്തത്തിന്റെ പശ്ചാത്തലത്തില്‍ ഉണ്ടായതാണ് ഈ തെയ്യമെന്നു ചിലര്‍ വിശ്വസിക്കുന്നു. അത് പ്രകാരം ശങ്കരാചാര്യര്‍ അലങ്കാരന്‍ എന്ന പുലയനുമായി വാഗ്വാദം നടത്തിയത് കണ്ണൂര്‍ ജില്ലയിലെ പുളിങ്ങോം എന്ന പ്രദേശത്ത് വച്ചാണെന്ന് വിശ്വസിക്കപ്പെടുന്നു. അതിപുരാതനമായ ശങ്കരനാരായണ ക്ഷേത്രത്തില്‍ തലക്കാവേരിയിലേക്കുള്ള യാത്രാമദ്ധ്യേ ശങ്കരാചാര്യര്‍ അവിടെ എത്തിച്ചേര്‍ന്നുവെന്നും അവിടെ കൂടിയവരോടു അദ്വൈത തത്ത്വത്തെ കുറിച്ച് പ്രഭാഷണം നടത്തവേ അകലെ കുന്നിന്‍ ചെരുവില്‍ ഇരുന്ന് അലങ്കാരന്‍ എന്ന പുലയ യുവാവ് അത് കേട്ടുവെന്നുമാണ് വിശ്വാസം.
പിറ്റേന്ന് പുലര്‍ച്ചെ തലക്കാവേരിയിലെക്ക് പുറപ്പെട്ട ആചാര്യനോട് വഴിയില്‍ നിന്ന് തീണ്ടലിനെപ്പറ്റി വാഗ്വാദം നടത്തി. അലങ്കാരന്റെ ചോദ്യങ്ങള്‍ക്ക് മറുപടിയില്ലാതെ വന്ന ശങ്കരാചാര്യര്‍ സമദര്‍ശിയായി മാറിയെന്നും കീഴ്ജാതിക്കാരനെ ഗുരുവായി വണങ്ങി എന്നും കഥ. ഇതിനുപോത്ബലകമായി പുളിങ്ങോത്ത് നിന്നും തലക്കാവേരിയിലേക്കുള്ള ഒറ്റയടിപ്പാതയും, ഒരേ വരമ്പില്‍ നിന്നും ബ്രാഹ്മണനും പുലയനും സംസാരിക്കുന്നത് ശരിയല്ലെന്ന ശാഠ്യം മാറ്റാൻ അലങ്കാരന്‍ തന്റെ കയ്യിളെ മാടിക്കോല്‍ വഴിയില്‍ കുറുകെ വെച്ച് രണ്ടാക്കിയ വരമ്പാണ്‌ ‘ഇടവരമ്പ്’ എന്ന സ്ഥലപ്പെരേന്നും ഇവര്‍ ചൂണ്ടികാണിക്കുന്നു.
എന്നാല്‍ ഇതിനു മറ്റൊരു ഭാഷ്യം ഉള്ളത് ഇപ്രകാരമാണ്: ജാതീയ ഉച്ചനീചത്വങ്ങള്‍ വളരെ ശക്തമായിരുന്ന കാലത്ത് മനുഷ്യരെല്ലാം സമന്മാരാണെന്നു വിളിച്ചു പറയാന്‍ ധൈര്യം കാട്ടിയ ഒരു കീഴ്ജാതിക്കാരന്റെ ഐതിഹ്യമാണ്‌ പൊട്ടന്‍ തെയ്യത്തിനു പിറകിലുള്ളത്. മലയന്‍, പുലയന്‍, ചിറവന്‍, പാണന്‍ തുടങ്ങി പല സമുദായക്കാരും പൊട്ടന്‍ തെയ്യം കെട്ടാറുണ്ട്. തീയില്‍ വീഴുന്ന പൊട്ടനും, തീയില്‍ വീഴാത്ത പൊട്ടനും ഉണ്ട്. ഉത്തരം പറയാന്‍ കഴിയാത്ത ചോദ്യങ്ങള്‍ ചോദിച്ചു കുഴക്കുന്ന ഒരാളെ പൊട്ടന്‍ എന്ന് മുദ്രകുത്തി തന്ത്രപൂര്‍വ്വം ഒഴിഞ്ഞു മാറുന്നതിനാലും, പറയേണ്ട കാര്യങ്ങളെല്ലാം തമാശയും കാര്യവും കൂട്ടിക്കുഴച്ചു പറഞ്ഞു ഫലിപ്പിക്കുന്ന പൊട്ടങ്കളി കളിക്കുന്നത് കൊണ്ടും ആയിരിക്കാം ഈ ശൈവ ശക്തിയുള്ള തെയ്യത്തിനു ഈ പേര്‍ വന്നത്.
കാഞ്ഞങ്ങാടിനടുത്തുള്ള അതിഞാലിലെ കൂര്‍മ്മന്‍ എഴുത്തച്ഛൻ എന്ന നാട്ടു കവിയാണ്‌ പൊട്ടന്‍ തെയ്യത്തിന്റെ തോറ്റത്തിലെ അര്‍ത്ഥഭംഗിയുള്ള വരികള്‍ പലതും കൂട്ടി ചേര്‍ത്തത് എന്ന് വിശ്വസിക്കപ്പെടുന്നു.
നിങ്കള കൊത്ത്യാലും ചോരേല്ലെ ചൊവ്വറെ, നാങ്കളെ കൊത്ത്യാലും ചോരേല്ലെ ചൊവ്വറെ പിന്നെന്ത് ചൊവ്വര് പിശകനു, തീണ്ടിക്കൊണ്ടല്ലേ കുലം പിശകന്
എന്ന തോറ്റം വരികൾ വളരെ പ്രശസ്തമാണു്.
തലയില്‍ കുരുത്തോല കൊണ്ടുള്ള മുടിയും അരയില്‍ ധരിക്കുന്ന കുരുത്തോലകളും പൊട്ടന്‍ തെയ്യത്തിന്റെ പ്രത്യേകതകളാണ്. അത് പോലെ സാധാരണ തെയ്യങ്ങള്‍ക്ക് കണ്ടു വരാറുള്ള മുഖത്തെഴുത്ത്‌ ഈ തെയ്യത്തിനില്ല. പകരം മുഖത്ത് നേരത്തെ തയ്യാറാക്കിയ മുഖാവരണം (പാള) അണിയുകയാണ് പതിവ്. വയറിലും മാരിലും അരി അരച്ച് തേക്കുന്നതും പതിവാണ്. ഉടലില്‍ മൂന്നു കറുത്ത വരകളും കാണാം.
ചെമ്പകം, പുളിമരം തുടങ്ങിയ മരങ്ങള്‍ ഉയരത്തില്‍ കൂട്ടിയിട്ടു ഉണ്ടാക്കുന്ന കനലിലും കത്തുന്ന മേലേരിയിലുമാണ് പൊട്ടന്‍ തെയ്യം മാറി മാറി ഇരിക്കുകയും കിടക്കുകയുമൊക്കെ ചെയ്യുക. സാധാരണ ഗതിയില്‍ തലേ ദിവസം പൊട്ടന്‍ തെയ്യത്തിന്റെ തോറ്റം തുടങ്ങുന്ന സമയത്താണ് ഈ മേലെരിക്ക് വേണ്ടിയുള്ള മരങ്ങള്‍ കൂട്ടിയിട്ട് തീ കൊടുക്കുന്നത്. പിറ്റേ ദിവസം രാവിലെ നാലഞ്ചു മണിയാകുമ്പോഴേക്കും ഇവ ഏകദേശം കത്തി കനലായി തീരും. ആ സമയത്താണ് പൊട്ടന്‍ തെയ്യം പുറപ്പെടുന്നത്. ഈ സമയത്ത് കനല്‍ മാത്രം ഒരിടത്തും കത്തിക്കൊണ്ടിരിക്കുന്നവ വേറൊരിടത്തും കൂട്ടിയിടും. അതിലാണ് തെയ്യം മാറി മാറി ഇരിക്കുന്നതും കിടക്കുന്നതും.
തീയെ പ്രതിരോധിക്കുന്ന കുരുത്തോല കൊണ്ടുള്ള ‘ഉട’ ഉണ്ടെങ്കിലും വളരെ ശ്രദ്ധയോടെ ചെയ്തില്ലെങ്കില്‍ പൊള്ളലേല്‍ക്കാന്‍ സാധ്യതയുള്ള ഒരനുഷ്ടാനമാണിത്. കത്തുന്ന തീയില്‍ ഇരിക്കുമ്പോഴും “കുളിരണ്, വല്ലാതെ കുളിരണ്” എന്നായിരിക്കും പൊട്ടന്‍ തെയ്യം പറയുക. സമൂഹത്തിലെ ജാതി മത വര്‍ണ്ണ വിത്യാസങ്ങള്‍ക്ക് നേരെ പരിഹാസം പ്രധാന ആയുധമാക്കുന്നുണ്ട് പൊട്ടന്‍ തെയ്യം. പൊട്ടന്‍ തെയ്യത്തിന്റെ ആയുധം അരിവാളുകളാണ്. ചില തറവാടുകളിലും ഒപ്പം കാവുകളിലും പൊട്ടന്‍ തെയ്യത്തിന്റെയൊപ്പം പൊലാരന്‍ തെയ്യവും കെട്ടാറുണ്ട്. പൊലാരന്‍ തെയ്യത്തിന്റെ മുഖപ്പാള കുറച്ചു ചെറുതാണ്. പൊട്ടന്‍ തെയ്യത്തിനു നിവേദ്യം വയ്ക്കുന്നതോടോപ്പം പൊട്ടന്റെയും പൊലാരന്റെയും മുഖപ്പാളകള്‍ കൂടെ വയ്കുന്ന പതിവുണ്ട്.
പൊലാരൻ തെയ്യം:
പൊട്ടന്‍ തെയ്യത്തിന്റെ കൂടെ കെട്ടിയാടാറുള്ള ഒരു ഉപദേവതയാണ് പൊലാരന്‍ തെയ്യം. പൊലാരന്‍ തെയ്യത്തിന്റെ മുഖപ്പാള താരതമ്യേന ചെറുതാണ്. ഒരു ചുവന്ന നാട പൊയ്മുഖത്തിനു തൊട്ടു താഴെ കെട്ടിയിരിക്കും. പൊലാരനും മേലെരിയില്‍ ഇരിക്കാറുണ്ട്. കൂടാതെ ചില തറവാടുകളില്‍ പൊട്ടന്‍ തെയ്യത്തിന്റെ അമ്മ ദേവതയായി അമ്മ തെയ്യവും കെട്ടിയാടാറുണ്ട്.
അജിത്‌ പുതിയ പുരയില്‍, ആന്തൂര്‍





ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848